02:21am 21 November 2026
NEWS
ഫെമ, ഹവാല, സ്വർണക്കടത്ത് ഇടപാടുകൾ; കേരളത്തിലെ അഞ്ച് ജില്ലകളിലായി 10 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്
20/11/2026  09:07 AM IST
nila
ഫെമ, ഹവാല, സ്വർണക്കടത്ത് ഇടപാടുകൾ; കേരളത്തിലെ അഞ്ച് ജില്ലകളിലായി 10 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്

 

കാസർഗോഡ്: ഫെമ (വിദേശനാണ്യ വിനിമയ ചട്ടം) ലംഘനം, ഹവാല ഇടപാടുകൾ, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിൽ വ്യാപക പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി പത്തിടങ്ങളിലാണ് ഇ.ഡി ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തുന്നത്. രാവിലെ ആരംഭിച്ച റെയ്ഡ് വിവിധ കേന്ദ്രങ്ങളിൽ തുടരുകയാണ്.

കാസർഗോഡ് ജില്ലയിലെ രണ്ട് വീടുകളിലാണ് പരിശോധന. തളങ്കര ബാംഗോഡിലുള്ള അഹമ്മദ് സമീർ ചെംഗള അബൂബക്കറിന്റെ സൈനബ മൻസിലിലും ചെമ്പിരിക്ക ചന്ദ്രഗിരിയിലെ ഷാഫി ചെമ്പിരിക്കയിലിന്റെ ചാപ്പ ഹൗസിലുമാണ് ഉദ്യോഗസ്ഥർ എത്തിയത്.

കണ്ണൂർ ഇരിവേരിയിലെ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ വട്ടക്കണ്ടി ഹൗസിലും കോഴിക്കോട് കുന്നമംഗലത്തെ മുഹമ്മദ് ജൗഹർ എം.കെ. (മാല കുഴിയിൽ ജൗഹർ)യുടെ വീട്ടിലും കൊയിലാണ്ടി മടക്കരയിലെ നൗഷാദ് വളപ്പിലിന്റെ വസതിയിലും പരിശോധന നടക്കുന്നുണ്ട്.

മലപ്പുറം വേങ്ങര ചേരൂരിലെ മുഹമ്മദ് ആഷിഖ് കല്ലുപറമ്പന്റെ വീട്, താനൂർ താനാളൂർ കെ. പുരത്തുള്ള യൂനസിന്റെ പാലക്കാവളപ്പിൽ ഹൗസ് എന്നിവിടങ്ങളിലും ഇ.ഡി പരിശോധന നടത്തുന്നുണ്ട്. പാലക്കാട് കുമരനല്ലൂരിലെ അബ്ദുൾ റൗഫിന്റെ കാകിടി ഹൗസും പരിശോധന നടക്കുന്ന കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു.

അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ, സ്വർണക്കടത്ത് ഇടപാടുകളുടെ വിവരങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ ശേഖരിക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്നാണ് സൂചന. വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇ.ഡി പുറത്തുവിട്ടിട്ടില്ല. പരിശോധന പൂർത്തിയായ ശേഷമേ അന്വേഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img